Saturday, October 25, 2008

ഒരു പ്രണയത്തിന്റെ ഓര്‍മയ്ക്ക്... (2)

വെണ്ണിലാവില്‍ മുല്ലവള്ളികളെ തഴുകിയൊഴുകിയ മന്ദമാരുതന്റെ കുളിര്‍പ്പുതപ്പണിഞ്ഞു കിടക്കുമ്പോള്‍ അവള്‍ മാത്രമായിരുന്നു അവന്റെ മനസ്സില്‍...
സ്വര്‍ണ്ണവര്‍ണ്ണത്തില്‍ ഒഴുകിനടക്കുന്ന ഒരു കുഞ്ഞുമാലാഖക്കുട്ടി പോലെ...

പ്രിയേ
നീ നടന്നകന്നതു മുതല്‍ എനിക്ക് നിന്നെക്കുറിച്ചല്ലാതെ മറ്റൊന്നും ചിന്തിക്കാന്‍ കഴിയുന്നില്ല. നിന്റെ പേരെന്താ? എന്തേ ഒന്നും പറയാതെ നടന്നകലേക്ക് പോയി? ഞാന്‍ ചോദിച്ചതു കേള്‍ക്കാഞ്ഞോ അതോ നീരസമായോ? എന്നോട് ദേഷ്യമാകാനായി ഞാനൊന്നും ചോദിച്ചില്ലല്ലോ!

നിന്നോടൊരായിരം ചോദ്യങ്ങള്‍ ചോദിക്കണമെന്നുണ്ട്. പൊന്‍ചെമ്പകത്തിന്റെ നിറം നിനക്കാരേ തന്നൂ? ഇരുണ്ട ചുരുള്‍മുടിയില്‍ കുടമുല്ലപ്പൂക്കളുണ്ടായിരുന്നെങ്കിലെന്നു അതിന്റെ സുഗന്ധമല്ലെങ്കില്‍ അവയിലൊന്നെങ്കിലും ഞാനായിരുന്നെങ്കിലെന്നു ഞാന്‍ എന്തുമാത്രം കൊതിക്കുന്നൂവെന്നോ?!

കസവ് ഇഷ്ടമാണോ? കുടമുല്ലപ്പൂക്കളോ? നാളെ ആര്‍ട്സ് ഡേയ്ക്ക് കസവുടുത്തു കുടമുല്ലപ്പൂക്കള്‍ ചൂടിവരുമോ? വെറുതെ ഒന്നു കാണാനുള്ള ആഗ്രഹം കൊണ്ടു പറഞ്ഞൂന്നേ ഉള്ളൂ.

നിനക്കെന്നെ ഇഷ്ടമായാലും ഇല്ലേലും നിന്നെ എനിക്കൊരുപാടൊരുപാടിഷ്ടമായി. ഞാനടുത്തേക്കു വന്നോട്ടെ? കുറച്ചുനേരം അടുത്തിരുന്നോട്ടെ? ഒന്നു മിണ്ടിക്കോട്ടെ? കൂടെ കുറച്ചുദൂരം നടന്നോട്ടെ? വെറുതെ... വെറുതെ... നിനക്കായ്‌ കാത്തു നിന്നോട്ടെ?

ഒരുപാടൊരുപാടിഷ്ടവുമായി

ഒരാള്‍

കൈയ്യക്ഷരത്തിനു വടിവൊത്തില്ലെന്നു കരുതി അവന്‍ മൂന്നുനാലുതവണ അതു പകര്‍ത്തി.
രക്തത്താലൊപ്പു വച്ചാലോ എന്നവനാലോചിച്ചു. ഇനിയവളതുകണ്ടു തല കറങ്ങി വീണാലോ എന്നാലോചിച്ചതു വേണ്ടാന്നു വച്ചു.

ആ കുളിര്‍പ്പുതപ്പില്‍ മധുസ്വപ്നങ്ങളുടെ ചുംബനസൌഖ്യത്തിലവനുറങ്ങവേ ചന്ദ്രിക പിണങ്ങി വെന്മേഘക്കെട്ടുകളില്‍ മറഞ്ഞു.

( തുടരും... )