Monday, July 27, 2009

എന്‍ മധുചഷകം നിറച്ചു തരൂ

ചഷകം നിറച്ചു തരൂ ദേവീ
എന്‍ മധുചഷകം നിറച്ചു തരൂ

വിധുവിന്‍ വേപഥുവില്‍
ഞാനൊഴുകും വേദനയില്‍
കനവായ്‌ വരൂ
കുളിരായ്‌ വരൂ
അമൃതം പകര്‍ന്നു തരൂ ... ദേവീ
എന്‍ മധുചഷകം നിറച്ചു തരൂ

ചഷകം നിറച്ചു തരൂ ദേവീ
എന്‍ മധുചഷകം നിറച്ചു തരൂ

നിശതന്‍ നിഗൂഢതയില്‍
ഞാനലിയും നിശബ്ദതയില്‍
മൃദുരാഗമായ്‌ വരൂ...
കളഗാനമായ് വരൂ ... ദേവീ

ചഷകം നിറച്ചു തരൂ ദേവീ
എന്‍ മധുചഷകം നിറച്ചു തരൂ

ഋതുതന്നാര്‍ദ്രതയില്‍
ഞാനുണരും വനലതയില്‍
മധുവായ്‌ വരൂ
മലരായ്‌ വരൂ .. ദേവീ
എന്‍ മധുചഷകം നിറച്ചു തരൂ

==

2009 (c) ബിനുലാല്‍ നാരായണന്‍ ആചാരി

Monday, June 15, 2009

ഒരു പേരുമാത്രം...

കൊതിച്ചിരുന്നു ഞാനെന്റെ ഹൃദയത്തിലെഴുതുവാന്‍
സിരകളില്‍ കുളിര്‍സ്പന്ദനങ്ങലായൊഴുകുവാന്‍
പ്രാണനില്‍ പ്രാണനായലിയുവാന്‍
അവളുടെ ഒരു പേരുമാത്രം

നനുത്ത രാവുകളില്‍ പ്രണയമായൊഴുകിവന്നവളുടെ
കിളിക്കൊഞ്ചലറിയാതെയെഴുതിയെന്‍
ഹൃദയത്തോലൊരു മഞ്ഞുതുള്ളിയായ്‌
അവളുടെ ഒരു പേരുമാത്രം

Saturday, October 25, 2008

ഒരു പ്രണയത്തിന്റെ ഓര്‍മയ്ക്ക്... (2)

വെണ്ണിലാവില്‍ മുല്ലവള്ളികളെ തഴുകിയൊഴുകിയ മന്ദമാരുതന്റെ കുളിര്‍പ്പുതപ്പണിഞ്ഞു കിടക്കുമ്പോള്‍ അവള്‍ മാത്രമായിരുന്നു അവന്റെ മനസ്സില്‍...
സ്വര്‍ണ്ണവര്‍ണ്ണത്തില്‍ ഒഴുകിനടക്കുന്ന ഒരു കുഞ്ഞുമാലാഖക്കുട്ടി പോലെ...

പ്രിയേ
നീ നടന്നകന്നതു മുതല്‍ എനിക്ക് നിന്നെക്കുറിച്ചല്ലാതെ മറ്റൊന്നും ചിന്തിക്കാന്‍ കഴിയുന്നില്ല. നിന്റെ പേരെന്താ? എന്തേ ഒന്നും പറയാതെ നടന്നകലേക്ക് പോയി? ഞാന്‍ ചോദിച്ചതു കേള്‍ക്കാഞ്ഞോ അതോ നീരസമായോ? എന്നോട് ദേഷ്യമാകാനായി ഞാനൊന്നും ചോദിച്ചില്ലല്ലോ!

നിന്നോടൊരായിരം ചോദ്യങ്ങള്‍ ചോദിക്കണമെന്നുണ്ട്. പൊന്‍ചെമ്പകത്തിന്റെ നിറം നിനക്കാരേ തന്നൂ? ഇരുണ്ട ചുരുള്‍മുടിയില്‍ കുടമുല്ലപ്പൂക്കളുണ്ടായിരുന്നെങ്കിലെന്നു അതിന്റെ സുഗന്ധമല്ലെങ്കില്‍ അവയിലൊന്നെങ്കിലും ഞാനായിരുന്നെങ്കിലെന്നു ഞാന്‍ എന്തുമാത്രം കൊതിക്കുന്നൂവെന്നോ?!

കസവ് ഇഷ്ടമാണോ? കുടമുല്ലപ്പൂക്കളോ? നാളെ ആര്‍ട്സ് ഡേയ്ക്ക് കസവുടുത്തു കുടമുല്ലപ്പൂക്കള്‍ ചൂടിവരുമോ? വെറുതെ ഒന്നു കാണാനുള്ള ആഗ്രഹം കൊണ്ടു പറഞ്ഞൂന്നേ ഉള്ളൂ.

നിനക്കെന്നെ ഇഷ്ടമായാലും ഇല്ലേലും നിന്നെ എനിക്കൊരുപാടൊരുപാടിഷ്ടമായി. ഞാനടുത്തേക്കു വന്നോട്ടെ? കുറച്ചുനേരം അടുത്തിരുന്നോട്ടെ? ഒന്നു മിണ്ടിക്കോട്ടെ? കൂടെ കുറച്ചുദൂരം നടന്നോട്ടെ? വെറുതെ... വെറുതെ... നിനക്കായ്‌ കാത്തു നിന്നോട്ടെ?

ഒരുപാടൊരുപാടിഷ്ടവുമായി

ഒരാള്‍

കൈയ്യക്ഷരത്തിനു വടിവൊത്തില്ലെന്നു കരുതി അവന്‍ മൂന്നുനാലുതവണ അതു പകര്‍ത്തി.
രക്തത്താലൊപ്പു വച്ചാലോ എന്നവനാലോചിച്ചു. ഇനിയവളതുകണ്ടു തല കറങ്ങി വീണാലോ എന്നാലോചിച്ചതു വേണ്ടാന്നു വച്ചു.

ആ കുളിര്‍പ്പുതപ്പില്‍ മധുസ്വപ്നങ്ങളുടെ ചുംബനസൌഖ്യത്തിലവനുറങ്ങവേ ചന്ദ്രിക പിണങ്ങി വെന്മേഘക്കെട്ടുകളില്‍ മറഞ്ഞു.

( തുടരും... )

Tuesday, October 21, 2008

ഒരു പ്രണയത്തിന്റെ ഓര്‍മയ്ക്ക്...

തുലാവര്‍ഷത്തിന്റെ ഒരിടവേളയില്‍ ആ പ്രഭാതം പൊന്നണിഞ്ഞുണര്‍ന്നുത്സുകയായി.

ഫ്രെഷേര്‍'സ് ഡേ എന്നു വിളിക്കുന്ന സുന്ദരദിനം.

" എന്തുവാടാ ഇവിടെ നിന്നു കറങ്ങുന്നെ. പോയി സ്റ്റേജില്‍ കയറെടാ. ആദ്യത്തെ പ്രോഗ്രാം നിന്റെയൊക്കെയല്ലേ? ഓടെടാ #$#%!#!@ "

സീനിയേഴ്സാണ് . ആ സ്നേഹത്തിനു മുന്നില്‍ കണ്ണുനീര്‍ തുളുമ്പാതെ അവന്‍ സ്റ്റേജിനടുത്തേക്ക്‌ നടന്നു.

കാന്റീനില്‍ നിന്നും പഞ്ചവര്‍ണ്ണങ്ങളും ചെമപ്പും ആകാശനീലിമയുമൊക്കെ പ്രേക്ഷക വൃന്ദത്തിലലിഞ്ഞു ചേരുന്നുണ്ടായിരുന്നു.

അതാ ഒരു സ്വര്‍ണ ചിത്രശ്രലഭം. അവന്‍ അടുത്തേക്ക്‌ ചെന്നു.

ഇതുവരെ അറിയാത്ത ഒരു സുഗന്ധം.

" എന്താ പേര്? "

നിമിഷങ്ങള്‍ കഴിഞ്ഞിട്ടും മറുപടി കിട്ടാത്തതില്‍ അവന്‍ ( വെറുതെ ) ആശ്ചര്യപ്പെട്ടു.

"എന്തെ ചങ്ങയ്! അന്തംവിട്ട് നിക്കണേ! വാ സമയമായി! "

അവള്‍ എങ്ങോ പോയ്മറഞ്ഞിരുന്നു.

ആ ചങ്ങയ് അവനെ വലിച്ചു സ്റ്റേജിനടുത്തേക്ക് കൊണ്ടുപോയി.

പ്രോഗ്രാമിനിടയിലും ശേഷം ഓഡിറ്റോറിയത്തിന്റെ പിന്നിലേക്കുനടക്കുമ്പോഴും അവന്റെ കണ്ണുകള്‍ അവളെത്തേടിയലഞ്ഞു.

എവിടെ... എവിടെ... ? എവിടെയാണവള്‍... ?

( തുടരും... )

Thursday, October 9, 2008

നീ...

നിമിഷമുനകളാഴ്ന്നുടഞ്ഞെന്‍ കരളില്‍
ത്രസിപ്പൂ ശോണബിന്ദുക്കളില്‍
നീയാം ദിവ്യാക്ഷരങ്ങളായ്

ജന്മാന്തരങ്ങളെത്ര കൊഴിഞ്ഞു പോയ്
എന്‍ മൌനരാഗങ്ങളെത്ര പൊലിഞ്ഞു പോയ്
നീയാം പ്രണയാക്ഷരങ്ങളായ്

ഒഴുകുന്നു ഹൃദയരാഗങ്ങളെന്‍
ബാഷ്പബിന്ദുക്കളില്‍ വിടരും വര്‍ണ്ണരാജിയില്‍
നീയാം ഹൃദയാക്ഷരങ്ങളായ്

Tuesday, October 7, 2008

നീയില്ലാതെ...

നീയില്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല
ഞാനില്ലാതെ....
ഞാനില്ലാതെ....
ഞാനില്ലാതെ നീയും വേണ്ടാ.......
ഠേ.................................
ഠേ.................................

Monday, October 6, 2008

മുല്ല

അരികിലണഞ്ഞു ഞാനറിയാതെയെപ്പോഴോ
എന്നെ വിളിച്ചു നീ മൃദുമര്‍മ്മരങ്ങളാല്‍

ഇന്ദുവിന്‍ ചന്തമാര്‍നൊന്നു ചിരിച്ചു നീ
ഇന്ദീവരങ്ങള്‍ ലജ്ജയാല്‍ മാഞ്ഞുപോയ്